From the Dept. of English - ENGLISH CORNER

Our HOD - Mrs Anice Thomas

കന്തസാമി - വിക്രം right back

Friday, August 21, 2009

ഒടുവില്‍ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ലോകമെമ്പാടുമുള്ള ആയിരത്തോളം തിയേറ്ററുകളില്‍ കന്തസാമി എത്തി. സംവിധായകന്‍ സുസി ഗണേശനും നിര്‍മാതാവ് കലൈപ്പുലി എസ് താണുവും നായകന്‍ വിക്രമും പ്രവചിച്ചപോലെ തന്നെ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ട്! മോഹന്‍‌ലാലും കമലും ഒന്നിച്ച ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയുടെ റീലീസ്, ‘കന്തസാമി’ എന്ന ടൊര്‍ണാഡോയില്‍ കടപുഴകാതിരിക്കാന്‍ നീട്ടിവച്ചത് വാര്‍ത്തയായിരുന്നു. എന്തായാലും ആ തീരുമാനം നന്നായിരുന്നുവെന്ന് കന്തസാമി കണ്ടപ്പോള്‍ തോന്നി.

റോബിന്‍‌ഹുഡിന്‍റെ ഒരു ഇന്ത്യന്‍ പതിപ്പാണ് ഈ സിനിമയെന്ന് ഒറ്റ വാചകത്തില്‍ പറയാം. ഓരോ സീനും, ഓരോ ഷോട്ടും ഭ്രമിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വമായ അനുഭവം സമ്മാനിക്കുന്ന ചിത്രം. കന്തസാമി സാങ്കേതികമായി ഇന്ത്യന്‍ സിനിമയുടെ ഒരു ഗംഭീര ചുവടുവയ്പാണ്. സ്പെഷ്യല്‍ ഇഫക്ടുകളുടെ കാര്യത്തില്‍ ഒരു വിസ്മയമുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വിക്രമിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.



ശങ്കറിന്റെ ‘അന്യന്‍’ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഫാന്റസിക്കഥയാണ് കന്തസാമിയുടേത്. കന്തസാമി (സ്കന്ദ ഭഗവാന്‍) എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. പറക്കാന്‍ കഴിയുന്ന, മുഖം‌മൂടിയിട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്റസി കഥാപാത്രം (വിക്രം) തങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തിയിരിക്കുന്ന ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുന്നു.

ക്ഷേത്രത്തിലുള്ള മരത്തിന്റെ ചില്ലകളില്‍ പരാതികള്‍ എഴുതിയ കടലാസ് കെട്ടിയാല്‍ ഭഗവാന്‍ രക്ഷക്കെത്തുകയായി. തങ്ങളെ സഹായിക്കാന്‍ എത്തുന്നത് ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുമ്പോഴും പൊലീസ് ഡി‌ഐജിക്ക് (പ്രഭു) ഈ കഥ അത്ര പന്തിയായി തോന്നുന്നില്ല.

ഭഗവാന്റെ ദുരൂഹത ഒരു വഴിക്ക് തുടരുന്നതിനിടെ, നാം കന്തസാമിയെന്ന സി‌ബി‌ഐ ഓഫീസറെ (വിക്രം) പരിചയപ്പെടുന്നു. അഴിമതിക്കെതിരെ അണുവിട പോലും വിട്ടുകൊടുക്കാതെ പൊരുതുന്ന സത്യസന്ധനായ ഓഫീസറാണ് കന്തസാമി.

പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും കന്തസാമി ഉറച്ച് വിശ്വസിക്കുന്നു.

സമൂഹത്തില്‍ മാന്യനായി അഭിനയിക്കുകയും എന്നാല്‍ കള്ളപ്പണം ഉണ്ടാക്കുകയും ചെയ്യുന്ന പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി (ആശിഷ് വിദ്യാര്‍ത്ഥി) എന്ന ക്രിമിനലുമായി കന്തസാമി കോര്‍ക്കുന്നു. വളരെ ബുദ്ധിപൂര്‍വമായ ഒരു റെയ്‌ഡിലൂടെ പൊന്നുസ്വാമിയുടെ കള്ളപ്പണവും നിയമവിരുദ്ധ ഇടപാടുകളും വെളിച്ചത്ത് കൊണ്ടുവരാന്‍ കന്തസാമിക്ക് കഴിയുന്നു.

റെയ്‌ഡ് കഴിഞ്ഞതോടെ പൊന്നുസ്വാമിക്ക് എല്ലാം നഷ്ടപ്പെടുന്നു. പൊന്നുസ്വാമിയുടെ ഏക മകള്‍ സുബ്ബലക്ഷ്മിയാവട്ടെ (ശ്രേയ ശരണ്‍) കന്തസാമിയോട് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്നു, അതിനായി കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു.

മലയാള താരം ഇന്ദ്രജിത്താണ് ചിത്രത്തിലെ മറ്റൊരു വില്ലന്‍.

വായനക്കാര്‍ ചോദിക്കാന്‍ പോവുന്നത് എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാനാവും! ആരാണീ മുഖം‌മൂടിക്കാരന്‍? സി‌ബി‌ഐ ഓഫീസറായ കന്തസാമി തന്നെയാണോ മുഖം‌മൂടിയിട്ട് പാവപ്പെട്ടവരെ സഹായിക്കാനായി എത്തുന്നത്? മുഖം‌മൂടിക്കാരന്റെ കഥയില്‍ പന്തികേട് തോന്നിയ പൊലീസ് ഡി‌ഐ‌ജി കണ്ടെത്തുന്ന സത്യമെന്ത്? സുബ്ബലക്ഷ്മിക്ക് കന്തസാമിയോട് പ്രതികാരം ചെയ്യാനാവുമോ?

PRO
ഈ ചോദ്യങ്ങള്‍ ഉത്തരം കിട്ടാനായി പ്രിയ വായനക്കാര്‍ തീയേറ്ററില്‍ പോവുക. കന്തസാമി കാണാനായി നിങ്ങള്‍ ചെലവഴിക്കുന്ന തുക ഒരിക്കലും പാഴാവുകയില്ല!

മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് പോലെ, ഒരു ബ്രഹ്മാണ്ഡ സിനിമ തന്നെയാണ് കന്തസാമി. വിക്രം തന്നെ സിനിമയുടെ ആകര്‍ഷണം. സ്ത്രീവേഷമടക്കം ആറോളം ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. വിവേക രചിച്ച്, ദേവി ശ്രീപ്രസാദ് ഈണം നല്‍കിയ ഗാനങ്ങളില്‍ നാലെണ്ണം പാടിയത് വിക്രം തന്നെ. ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവും ഫാന്റസി കഥാപാത്രമായുള്ള തകര്‍പ്പന്‍ രൂപമാറ്റവും വിക്രമിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാക്കും എന്നതില്‍ സംശയമില്ല.

ഭീമയുടെ നഷ്ടം വിക്രം ഈ ചിത്രത്തിലൂടെ തിരുത്തുകയാണ്. അന്യനു ശേഷം, അതിലും മികച്ചുനില്‍ക്കുന്ന പ്രകടനമാണ് വിക്രം നല്‍കുന്നത്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും വിക്രം അത്ഭുതപ്പെടുത്തുമ്പോള്‍ കമലഹാസനെയാണ് പ്രേക്ഷകര്‍ ഓര്‍ത്തുപോകുന്നത്. അടുത്ത കമലഹാസന്‍ ആരെന്ന ചോദ്യത്തിന് മറ്റു പേരുകള്‍ തിരയേണ്ടതില്ല.

ശ്രേയയുടെ കഥാപാത്രത്തിനും ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തില്‍. വളരെ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ശ്രേയയുടെ വസ്ത്രാലങ്കാരം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

ഷങ്കറിനെ കടത്തിവെട്ടാനാണ് സംവിധായകന്‍ സുസി ഗണേശന്‍ ശ്രമിച്ചിരിക്കുന്നത്. ഒരു പരിധി വരെ അതില്‍ വിജയിച്ചിരിക്കുന്നതും കാണാം. ചെറിയ സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള സുശി ഗണേശന്‍റെ ഈ സിനിമ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാണ്.

ഒട്ടേറെ പുതുമകള്‍ സമ്മാനിക്കുന്നുണ്ട് എന്‍ കെ ഏകാം‌ബരത്തിന്റെ ഛായാഗ്രാഹണം. തോട്ടാ ധരണിയുടെ കലാസംവിധാനം അത്ഭുതപ്പെടുത്തുന്നു. ദേവി ശ്രീപ്രസാദ് ഈണം നല്‍കിയ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്. ‘എക്സ്ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി’ എന്ന ഗാനം തരംഗം സൃഷ്ടിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

ചിത്രം റിലീസാകും മുമ്പുതന്നെ ആദ്യവാരത്തിലെ ടിക്കറ്റുകള്‍ എല്ലാം ചെന്നൈ സെന്‍ററില്‍ വിറ്റുതീര്‍ന്നിരുന്നു. എന്തായാലും കന്തസാമി പ്രേക്ഷകരെ കയ്യിലെടുത്തുകഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ മെഗാവിജയമായി മാറാനുള്ള ഒരു സൂപ്പര്‍ ചിത്രത്തിന്‍റെ പ്രയാണത്തിനാണ് തിയേറ്ററുകളില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

0 comments:

Post a Comment